2011, മേയ് 11, ബുധനാഴ്‌ച

ഷാര്‍ജ മലയാള കവിത – സംവാദം

അയുക്തികമായും സര്‍ഗാത്മകതയെ താമസ്കരിച്ചും മഹത്തായ ഭാരതീയ സംസ്കാരത്തെ വാണിഭമാക്കിയ സമകാല ദുരന്തമാണ് അക്ഷയ തൃതീയ ദിനത്തിലെ സ്വര്‍ണ കച്ചവടത്തിലൂടെ നാം കണ്ടതെന്ന് കെ. ജി. ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു
മാസ് ഷാര്‍ജ സംഘടിപ്പിച്ച കവിതാ സംവാദത്തില്‍ സമകാല മലയാള കവിതയെ ആസ്പദമാക്കി  സംസാരി ക്കുകയായിരുന്നു അദ്ദേഹം
സത്യസന്ധനായ മനുഷ്യനെ നിരന്തരം അസത്യത്തിലേക്കും ചതിയിലേക്കും ആപത്തുകളിലേക്കും നാടു കടത്തുകയാണ് സമകാല ജീവിതത്തില്‍ സംഭവിക്കുന്നത്. ഇത്തരം മൂല്യച്യുതികള്‍ക്കെതിരെ  സര്‍ഗാത്മക നൈതികതയാല്‍ ചെറുത്തു നില്‍പ്പുകള്‍ സംഘടിക്കപ്പെടുകയും പ്രതിരോധം സൃഷ്ടിക്കപ്പെടുകയും വേണം. അതു കൊണ്ടാണ് അഞ്ഞൂറ് കോടിയുടെ പ്രലോഭനത്തില്‍ വീഴാതെ “ടു ജി സ്പെക്ട്രം” അഴിമതി പുറത്തു കൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്‍ മാധ്യമ നൈതികതയുടെയും സര്‍ഗാത്മകതയുടെയും പ്രതീകമായി തീരുന്നത് – അദ്ദേഹം പറഞ്ഞു.
എല്ലാ മനുഷ്യരുടെയും സ്വാതന്ത്ര്യത്തിലാണ്  സര്‍ഗാത്മകതയുടെ സൌന്ദര്യ ദര്‍ശനം കാണേണ്ടത് .സമകാല മലയാള കവിത സ്വാതന്ത്ര്യത്തിന്റെയും ചെറുത്തു നില്പിന്റെയും പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ഒപ്പം സ്ത്രീ സര്‍ഗാത്മകതയുടെ വസന്ത കാലം വറ്റാത്ത സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പ്രതീക്ഷകളായി മലയാള കവിതയില്‍ പെയ്തിറങ്ങുന്നുമുണ്ട് .
. സംവാദത്തിനു മുന്‍പേ കവിതാ ലോകത്തെ പുത്തന്‍ പ്രതീക്ഷകളായ ഇസ്മയില്‍ മേലടി, അനൂപ്‌ ചന്ദ്രന്‍, ഹണി ഭാസ്കരന്‍, പ്രകാശന്‍ കടന്നപ്പള്ളി  എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന പ്രഭാഷണവും സംവാദവും സമകാല സാഹിത്യത്തെ ആഴത്തില്‍ സ്പര്‍ശിച്ചു കൊണ്ട്, പുതിയ സാഹിത്യ സരണിയിലെ പ്രതീക്ഷകളും ആശങ്കകളും പങ്കു വച്ചു.
മാസ് പ്രസിഡന്റ് ഇബ്രാഹിം അംബിക്കാന  അധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യ വിഭാഗം കണ്‍വീനര്‍ അനില്‍ അമ്പാട്ട് യുവ കവികളെ സദസ്സിനു പരിചയപ്പെടുത്തി. സെക്രട്ടറി അബ്ദുള്‍ ജബ്ബാര്‍ സ്വാഗതവും അഫ്സല്‍ നന്ദിയും രേഖപ്പെടുത്തി.