2011, ഏപ്രിൽ 27, ബുധനാഴ്‌ച

മുഴപ്പിലങ്ങാട് ടോള്‍ബൂത്തിന് മുട്ടായി കച്ചോടം’

ബാക്കി നല്‍കാന്‍ ചില്ലറ ഇല്ലെങ്കില്‍ പകരം മിഠായി നല്കുകയെന്ന പതിവ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആദ്യകാലത്ത് ഹോട്ടലുകാരും മറ്റുമായിരുന്നു ഇത് ചെയ്തിരുന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിച്ച് ഇറങ്ങുന്നവര്‍ക്ക് ചില്ലറക്ക് പകരം ഒന്നോ രണ്ടോ മിഠായി നല്കുന്നത് വലിയ കുറ്റമൊന്നുമല്ല. ഭക്ഷണം കഴിച്ചവര്‍ക്ക് സന്തോഷമാവുകയും ചെയ്യും.

എന്നാല്‍ ഇതേ കാര്യം മറ്റുള്ളവര്‍ ചെയ്താലോ. മിഠായി വില്‍ക്കാത്തവരും മിഠായിയുമായി ഒരു ബന്ധവുമില്ലാത്തവരും ഇതുചെയ്യുമ്പോള്‍ തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടണം. <br>ഒരു പേജ് ഫോട്ടോസ്റ്റാറ്റ് എടുത്താല്‍ ഒന്നര രൂപ കഴിച്ച് ബാക്കി 50 പൈസ തരാനില്ലെന്ന് പറഞ്ഞ് മിഠായി അടിച്ചേല്‍പ്പിക്കുക, 11 രൂപ 50 പൈസയുടെ മില്‍മ പാല്‍ പാക്കറ്റ് വാങ്ങിയാല്‍ ബാക്കിക്ക് മിഠായി തരിക, ചെരിപ്പും ഡ്രസ്സും വാങ്ങിയാല്‍ ചില്ലറ ഇല്ലെങ്കില്‍ മിഠായി നല്കുക, ടെലിഫോണ്‍ ബൂത്തില്‍ നിന്നും വിളികഴിഞ്ഞിറങ്ങുമ്പോള്‍ അഞ്ച് രൂപയുടെ ബാക്കിയായി മിഠായികള്‍ നല്കുന്ന പതിവുണ്ടാക്കുക തുടങ്ങിയവ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്കുള്ള കാരണമാവാറുണ്ട്. ഇനി ബസ് കണ്ടക്ടര്‍മാര്‍ കൂടി മിഠായി സഞ്ചിയും തൂക്കി നടന്നാല്‍ അവരുടെ ചില്ലറ പ്രശ്‌നത്തിന് പരിഹാരമാകും!
ചിത്രത്തില്‍ കാണുന്ന മിഠായിപ്പെട്ടികള്‍ കൂട്ടിയിട്ടിരിക്കുന്നത് മുഴപ്പിലങ്ങാട് റെയില്‍വേ മേല്‍മേല്‍പ്പാലത്തിന്റെ ടോള്‍ബൂത്തിന് സമീപമാണ്. ലോറിക്കും കാറിനും മറ്റു വാഹനങ്ങള്‍ക്കുമെല്ലാം ടോള്‍ പിരിക്കുമ്പോള്‍ 50 പൈസയുടെ ചില്ലറ പ്രശ്‌നം പരിഹരിക്കാന്‍ പകരം മിഠായി കൊടുക്കുന്നതാണ് പതിവ്. ഏഴര രൂപയും നാലര രൂപയുമൊക്കെ കഴിഞ്ഞ് ബാക്കി മിഠായി നല്കിയാല്‍ സാധാരണ രീതിയില്‍ ആരും ഒന്നും പറയില്ല. എന്നാല്‍ സ്ഥിരം യാത്രക്കാരോട് ഇതൊരു പതിവാക്കിയാല്‍ കളി മാറും. ചില്ലറ ഇല്ലാത്തതുകൊണ്ടല്ല, ചില്ലറയ്ക്ക് പകരം മിഠായി നല്‍കുന്നത് അറിയാതെ പണം തടയുന്ന നല്ലൊരു ബിസിനസ് ആക്കുകയാണ് ചിലര്‍.
അങ്ങനെ നടക്കുന്നൊരു ‘ഓസി ബിസിനസിനെ’ കുറിച്ചാണ് ചിത്രത്തിലെ പെട്ടികള്‍ നല്കുന്ന സൂചന. ചില്ലറയ്ക്ക് പകരമായി ഹോള്‍സെയില്‍ വിലയില്‍ വാങ്ങിവെച്ച മിഠായിയാണ് ടോള്‍ അടക്കുന്നവര്‍ക്ക് ബാക്കി നല്‍കുക. അങ്ങനെ ചെയ്യുമ്പോള്‍ രണ്ടുണ്ട് ലാഭം. ഒന്ന്, ചില്ലറ പ്രശ്‌നം ഉദിക്കുന്നില്ല. രണ്ട്, 50 പൈസയ്ക്ക് പകരം മുപ്പതോ മുപ്പത്തിയഞ്ചോ പൈസ വില വരുന്ന മിഠായി നല്കിയാല്‍ പിന്നേയും ലാഭം ഇരുപതോ പതിനഞ്ചോ പൈസ. സ്ഥിരമായി മിഠായി വാങ്ങുന്ന ടീമിന് ലാഭം ഇതിലും കൂടുതല്‍. ഐഡിയ അച്ഛാ ഹൈ!
ഒടുക്കം: വല്ലപ്പോഴുമൊക്കെ ടോള്‍ ബൂത്ത് വഴി യാത്ര നടത്തി ചില്ലറയ്ക്ക് പകരം മിഠായി വാങ്ങി മിണ്ടാതെ പോകും കാറിലും ലോറിയിലുമുള്ളവര്‍. എന്നാല്‍ സ്ഥിരം പോകുന്നവരാണെങ്കിലോ. ടോള്‍ ബൂത്തുകാരന്റെ മിഠായി സൂത്രത്തെ അതിജീവിക്കാന്‍ അവനുമുണ്ട് പുതിയൊരു പരിപാടി. പത്ത് രൂപ നല്കി ഏഴര രൂപയുടെ ടോളും ബാക്കി അന്‍പത് പൈസാ മിഠായിയോ രണ്ടര രൂപയ്ക്കുള്ള മിഠായിയോ സ്വീകരിക്കുന്നതിന് പകരം ഏഴ് രൂപ കൃത്യം ചില്ലറ കൊടുക്കും. ടോള്‍ ബൂത്തുകാരന്‍ ഒന്നുംപറയാതെ പണം വാങ്ങി റസീപ്റ്റ് നല്കും.
എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപ്രവര്‍ത്തനങ്ങളുണ്ടെന്ന് പറയുന്നത് വെറുതെയല്ലല്ലോ!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ