2011, ഏപ്രിൽ 28, വ്യാഴാഴ്‌ച

KOORARA******പാനൂര്‍ തങ്ങള്‍ പീടിക സയ്യിദ് തങ്ങള്‍ അനുസ്മരണം ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും

 ഉത്തര മലബാറിലെ ഉന്നത മത വിദ്യാഭ്യാസ സ്ഥാപനമായ പാനൂര്‍ തങ്ങള്‍ പീടികയിലെ ജാമിഅഃ സഹ്‌റയുടെ സ്ഥാപകനും മത പണ്ഡിതനുമായിരുന്ന പാനൂര്‍ സയ്യിദ് ഇസ്മയില്‍ ശിഹാബുദ്ദീന്‍ പൂക്കോയ തങ്ങള്‍ അനുസ്മരണം വ്യാഴാഴ്ച തുടങ്ങും. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ അനുസ്മരണ സമ്മേളനം, തഫ്‌സീര്‍-സെമിനാര്‍, സ്മരണിക പ്രകാശനം, സാംസ്‌കാരിക സമ്മേളനം, സഹ്‌റ പബ്ലിക് സ്‌കൂള്‍ ഉദ്ഘാടനം, വിമന്‍സ് കോളേജ് ശിലാസ്ഥാപനം, പൂര്‍വ വിദ്യാര്‍ഥി, പ്രവാസി, മാതൃ സംഗമങ്ങള്‍, ഖത്മുല്‍ ഖുര്‍ആന്‍-ദുആ സമ്മേളനം എന്നിവ നടത്തും.

ഇസ്‌ലാമിക പ്രബോധനാര്‍ഥം യമനില്‍നിന്ന് കേരളത്തിലെത്തിയ സയ്യിദ് കുടുംബത്തില്‍ 1936ല്‍ കാസര്‍കോട് ജില്ലയിലെ തളങ്കരയിലാണ് തങ്ങള്‍ ജനിച്ചത്. 13-ാമത്തെ വയസ്സില്‍ ചാവക്കാട് പള്ളിയില്‍ ദര്‍സിന് നേതൃത്വംനല്‍കി ശ്രദ്ധേയനായി. തുടര്‍ന്ന് പാറക്കടവ്, ഓമച്ചപ്പുഴ, പയ്യോളി, ഒളവട്ടൂര്‍, കരുവന്‍തുരുത്തി തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് തങ്ങള്‍. ഒട്ടേറെ കൈപ്പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

1975ല്‍ ആരംഭിച്ച ജാമിഅ: സഹ്‌റയിന്‍ 2500ല്‍ അധികം വിദ്യാര്‍ഥികളും നൂറിലധികം ജീവനക്കാരും ഉണ്ട്. അയ്യായിരത്തോളം വരുന്ന ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ ശേഖരം സ്ഥാപനത്തിലുണ്ട്.

അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി സഹ്‌റ പബ്ലിക് സ്‌കൂള്‍ ഉദ്ഘാടനവും വിമന്‍സ് കോളേജ് ശിലാസ്ഥാപനവും നടത്തും. അനുസ്മരണ സമ്മേളനം 28ന് രാവിലെ പത്തുമണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ