2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

ഭാഷയോട് ഇങ്ങനെ വേണോ?

ഫാഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ ആദ്യം ഓര്‍ക്കുന്നത് വസ്ത്രങ്ങളെയാണല്ലോ. കഴിഞ്ഞ നൂറ്റാണ്ടിലെ അന്‍പതുകളിലെ അവസാനത്തോടെയാണ് ഞാന്‍ കൊല്‍ക്കത്തയില്‍ എത്തിയത്. കൊല്‍ക്കൊത്തയിലെ ടെയ്ലര്‍മാര്‍ ലോകപ്രസിദ്ധരായിരുന്നു. കൊല്‍ക്കൊത്ത ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കാലത്ത് ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന വാറന്‍ ഹെസ്റ്റിങ്സ് തുടങ്ങിയ വെള്ളക്കാരായ അഗ്രസ്ഥാനീയര്‍ക്കുവേണ്ടി സൂട്ടുകളും മറ്റും തയ്ച്ചിരുന്ന അവര്‍ തലസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റിയതിനുശേഷവും വൈസ്രോയിമാരുടെ ടെയ്ലര്‍മാരായിരുന്നു. സാമുവല്‍ ഫിറ്റ്സ്, ഗുലാം മുഹമ്മദ്, ബര്‍ക്കത്തലി, കരീം ബക്സ് തുടങ്ങിയവര്‍ ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ പ്രത്യേക ഉത്തരവിന്‍പ്രകാരം ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ ഔദ്യോഗിക ടെയ്ലര്‍മാരായിരുന്നു. ഇതില്‍ സാമുവല്‍ ഫിറ്റ്സ് കമ്പനി നടത്തിയിരുന്ന കുടുംബം അന്യംനിന്നുപോയതോടെ ആ കമ്പനി അടച്ചുപൂട്ടി. ബാക്കിയുള്ളവര്‍ ഇപ്പോഴും അഭിവൃദ്ധിയുടെ കൊടുമുടിയില്‍തന്നെ. ഇവര്‍ക്കെല്ലാംതന്നെ ലണ്ടനില്‍ ശാഖകളുണ്ട്. മൗണ്ട് ബാറ്റണ്‍ പ്രഭു അവസാനകാലംവരെ ഇടക്കിടക്ക് ഇവരിലാരെയെങ്കിലുംകൊണ്ട് സൂട്ടുകള്‍ തയ്പ്പിക്കുമായിരുന്നു. അടുത്തടുത്ത് കടും നിറത്തില്‍ നേരിയ വരകളുള്ള ഷര്‍ട്ടുകളില്‍ വെളുത്ത കോളര്‍വെച്ചുള്ള ഫാഷന്‍ ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഇറക്കിയത് ഗുലാം മുഹമ്മദായിരുന്നു. ഡീയര്‍ ക്ലബ്ബ് എന്നായിരുന്നു ആ ഷര്‍ട്ടിന് അവരിട്ട പേര്. ഇത് 1964ലോ മറ്റോ ആയിരുന്നു. ഗുലാം മുഹമ്മദ് തുന്നിയ അത്തരം ഒന്നുരണ്ട് ഷര്‍ട്ടുകള്‍ ഇപ്പോഴും എന്റെ പക്കലുണ്ട്. അവര്‍ റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ ഉണ്ടാക്കുമായിരുന്നില്ല. ഓരോ ആളുടെയും അളവെടുത്ത് അവര്‍ക്ക് മാത്രമായിട്ടായിരുന്നു അവര്‍ വസ്ത്രങ്ങള്‍ തുന്നിയത്. ഷര്‍ട്ടിന്റെ അത്തരം ഫാഷന്‍ പത്തുമുപ്പത് കൊല്ലങ്ങള്‍ക്ക് മുമ്പ് അപ്രത്യക്ഷമായി. ഇപ്പോഴിതാ കഴിഞ്ഞ മൂന്നുനാല് മാസങ്ങളായി പല നിറത്തിലുള്ള ഷര്‍ട്ടുകളില്‍ വെള്ളക്കോളറുമായി ചെറുപ്പക്കാര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നു. അങ്ങനെ ഫാഷനുകള്‍ വന്നും പോയുമിരിക്കുമെന്ന് സാരം.
വസ്ത്രങ്ങളില്‍ മാത്രമല്ലല്ലോ ഫാഷന്‍. കെട്ടിടം പണി, ഫര്‍ണിച്ചര്‍ എന്നുവേണ്ടാ ഭാഷാ പ്രയോഗങ്ങളില്‍വരെ ഫാഷന്റെ വരവും പോക്കും കാണാം. പറഞ്ഞു വരുമ്പോള്‍ "ഉണ്ടാക്കുക' എന്നര്‍ത്ഥമുള്ള ഫാക്ടീയോ (എഅഇഠകഛ) എന്ന ഗ്രീക്ക് പദത്തില്‍നിന്നാണല്ലോ ഫാഷന്‍ എന്ന വാക്കുണ്ടായത്.
അന്‍പതിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളജില്‍ പഠിക്കുന്ന കാലത്താണ് മലയാള ഭാഷയില്‍ "ആത്മകം' എന്ന പ്രയോഗം പ്രചാരത്തില്‍ വന്നത്. ചലനാത്മകം, ശോകാത്മകം, സംഗീതാത്മകം എന്നിങ്ങനെ പല പദങ്ങളും അന്ന് ധാരാളമായി ഉപയോഗിക്കപ്പെട്ടിരുന്നു. ചങ്ങമ്പുഴയുടെ സ്വാധീനമായിരുന്നുവെന്ന് തോന്നുന്നു. അദ്ദേഹം അത്തരം പദങ്ങള്‍ അധികം ഉപയോഗിച്ചിരുന്നില്ല. പക്ഷേ ചങ്ങമ്പുഴ കവിതകളുടെ നിരൂപണങ്ങളിലും ചര്‍ച്ചകളിലും ഇത്തരം വാക്കുകള്‍ ധാരാളമുണ്ട്. ശോകംതന്നെ ഒരു ഫാഷനായിരുന്നു. സംഗീതം ശോകാത്മകമാണ്. ശോകം സംഗീതാത്മകമാണ്. ശോകരസ പ്രധാനമാണെങ്കിലും കവിത ചലനാത്മകമാണ് എന്നൊക്കെ നിരൂപകന്‍മാരും പ്രാസംഗികന്‍മാരും തട്ടിവിടുമായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് എഴുത്തുകാരിയും എന്റെ തറവാട്ടിലെ ഇളമുറകാരിയുമായ എസ്. ശാരദക്കുട്ടിക്ക് ഞാന്‍ പത്തുരൂപ സമ്മാനമായി അയച്ചുകൊടുത്തു. അഞ്ചാറ് പേജുകളുള്ള ഒരു ലേഖനം ഇപ്പോഴത്തെ ഫാഷനായ നാല് വാക്കുകള്‍ ഉപയോഗിക്കാതെ എഴുതിയതിനായിരുന്നു ആ സമ്മാനം. വാക്കുകള്‍ പ്രക്രിയ, പ്രതിഭാസം, പ്രഹേളിക, പരിപ്രേക്ഷ്യം! പരിപ്രേക്ഷ്യം എന്ന വാക്ക് ശബ്ദതാരാവലിയില്‍ ഇല്ല എന്നത് ആ പദത്തിന്റെ പ്രായ ചെറുപ്പത്തെ കാണിക്കുന്നു.
അതൊക്കെ പോകട്ടെ; ഇപ്പോള്‍ തീര്‍ത്തും അസഹനീയമായി തീര്‍ന്നിരിക്കുന്ന ഒരു പ്രയോഗമാണ് "വല്‍ക്കരണം'. ഭാഷയില്‍ പുതിയ പ്രയോഗങ്ങള്‍ ആവശ്യമാണ്. അവ വന്നുകൊണ്ടേയിരിക്കണം. തൂപ്പിസ്റ്റ് (മദാമ്മയെ തൂപ്പുകാരി), തെണ്ടിസ്റ്റ് (ഒരു പ്രത്യേക സ്ഥലത്ത് പതിവായി നിന്ന് തെണ്ടുന്നവന്‍), തോണ്ടക്ടര്‍ (ബസില്‍ കയറി പെണ്ണുങ്ങളെ തോണ്ടുന്നവന്‍) എന്നിങ്ങനെ പല പദങ്ങളും ഞാന്‍തന്നെ ഉണ്ടാക്കി മലയാളത്തില്‍ പ്രയോഗിച്ചിട്ടുണ്ട്. കാര്യങ്ങള്‍ കോംപ്ലിക്കേറ്റ് (രീാുഹശരമലേ) ചെയ്യുന്നതിന് കോംപ്ലീകരിക്കുക എന്നും എഴുതിയിട്ടുണ്ട്.
പക്ഷേ ഇപ്പോഴത്തെ "വല്‍ക്കരണം' കുറെ അതിരുവിട്ടുപോകുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജോലികള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റുന്നതിന് കംപ്യൂട്ടര്‍വല്‍ക്കരണം എന്നാണത്രേ പറയേണ്ടത്. നഗരവല്‍ക്കരണം, കുറേക്കാലം മുമ്പ് ഉണ്ടായ വാക്കാണ്. നാട്ടില്‍ വിദ്യുച്ഛക്തി വരുന്ന കാലത്ത് ഈ പ്രയോഗം ഇല്ലാതിരുന്നത് നന്നായി. അല്ലെങ്കില്‍ വൈദ്യുതീകരണത്തിന് പകരം വൈദ്യുതിവല്‍ക്കരണം എന്നാകുമായിരുന്നു. ഇങ്ങനെ രക്ഷപ്പെട്ട കുറേ വാക്കുകള്‍ ഉണ്ട്. ശുദ്ധീകരണം, ശീതീകരണം, തൃപ്തിപ്പെടുത്തല്‍ തുടങ്ങിയവയും ശുദ്ധീവല്‍ക്കരണം, ശീതവല്‍ക്കരണം, തൃപ്തിവല്‍ക്കരണം എന്നീ വികൃതികളില്‍നിന്ന് രക്ഷപ്പെട്ടു.
വല്‍ക്കരണ പ്രയോഗത്തില്‍ ഭാഷാപരമായ തെറ്റുണ്ടെന്ന് അധികമാരും ശ്രദ്ധിച്ചുകാണില്ല. "വല്‍' (വത്) എന്ന പദം സംസ്കൃതമാണ്. അവസ്ഥയെക്കുറിക്കുന്ന ഒരു വാക്കാണിത്. മലയാളത്തിലെ "പോലെ' എന്ന പദമായിരിക്കും അതിന് സമമായിട്ടുള്ളത്. "പൂര്‍വ്വവല്‍' എന്ന പ്രയോഗം വളരെ പഴയതാണ്. പണ്ടത്തെപ്പോലെ എന്നാണ് അതിന്റെ അര്‍ത്ഥം. അതുകൊണ്ട് കമ്പ്യൂട്ടര്‍വല്‍ക്കരണം എന്ന് പറഞ്ഞാല്‍ കമ്പ്യൂട്ടര്‍പോലെയാക്കുക എന്നെ അര്‍ത്ഥം വരികയുള്ളൂ. പ്രശ്നവല്‍ക്കരിക്കുക എന്നുപറഞ്ഞാല്‍ പ്രശ്നമാക്കുക എന്നല്ല പ്രശ്നംപോലെയാക്കുക എന്നാണ് അര്‍ത്ഥം. പ്രശ്നമാക്കുക എന്ന പ്രയോഗം നിലവിലുള്ളപ്പോള്‍ ഇത്തരമൊരു വല്‍ക്കരണത്തിന്റെ ആവശ്യമെന്ത്? ഒരുതരത്തില്‍ നോക്കിയാല്‍ ഇതൊന്നും സാരമില്ല. ഭാഷയില്‍ വാക്കുകളുടെ അര്‍ത്ഥം പ്രയോഗംകൊണ്ട് കാലക്രമേണ മാറിവരുന്നത് സ്വാഭാവികമാണ്. അനുവാദം എന്ന വാക്കിന്റെ സംസ്കൃതത്തിലെ അര്‍ത്ഥം പരിഭാഷ എന്നാണല്ലോ. ഹിന്ദിയിലും ആ അര്‍ത്ഥത്തിലാണ് ആ വാക്കുപയോഗിക്കുന്നത്. പക്ഷേ മലയാളത്തില്‍ അനുവാദം എന്നു പറഞ്ഞാല്‍ സമ്മതം (ുലൃാശശൈീി) എന്നാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ