2011, ഏപ്രിൽ 27, ബുധനാഴ്‌ച

പാനൂരില്‍ മാലിന്യം സംസ്‌കരിക്കാന്‍ നടപടിയില്ല

പാനൂരില്‍ മാലിന്യം സംസ്‌കരിക്കാന്‍ നടപടിയില്ല



പാനൂര്‍:പാനൂര്‍ ടൗണിലെ മാലിന്യം സംസ്‌കരിക്കാനോ നീക്കംചെയ്യാനോ നടപടിയില്ല. കൂത്തുപറമ്പ് മണ്ഡലത്തിലെ പ്രധാന കേന്ദ്രമായ പാനൂര്‍ ടൗണിലെ മാലിന്യപ്രശ്‌നം തുടങ്ങിയിട്ട് വര്‍ഷമേറെയായി. മാറിമാറി വന്ന ഭരണസമിതികള്‍ പദ്ധതികള്‍ പലതും ആസൂത്രണം ചെയെ്തങ്കിലും ഒന്നും നടപ്പായില്ല. പാലക്കൂലിനടുത്ത അവയാട് കുന്നില്‍ മാലിന്യസംസ്‌കരണത്തിനായി സ്ഥലമെടുക്കുകയും അനുബന്ധ റോഡുകള്‍ പണിയുകയും ചെയ്തിരുന്നു. തദ്ദേശീയരുടെ എതിര്‍പ്പ് കാരണം നടപ്പായില്ല. പാനൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തും ആയുര്‍വേദ ആസ്​പത്രി പരിസരത്തും ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രോജക്ടും പ്രവൃത്തിയിലെത്തിയില്ല.

കച്ചവടസ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ടൗണിന്റെ പല ഭാഗങ്ങളിലായി നിക്ഷേപിക്കുകയാണ്. ബസ് സ്റ്റാന്‍ഡില്‍ പലയിടങ്ങളിലായി മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നു. നജാത്തുല്‍ യു.പി.സ്‌കൂളിന് മുന്‍വശം, ഹൈസ്‌കൂള്‍, ആസ്​പത്രി പരിസരം, പുത്തൂര്‍ റോഡില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്‍വശം എന്നിവിടങ്ങളിലെല്ലാം മാലിന്യനിക്ഷേപം പതിവുകാഴ്ചയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്തില്‍ നാല് പാര്‍ട്‌ടൈം ജീവനക്കാരുണ്ട്. എന്നാല്‍ ദിവസേന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താറില്ല. ദിവസങ്ങള്‍ കൂടുമ്പോള്‍ രാത്രിയില്‍ മാലിന്യങ്ങള്‍ അടിച്ചുകൂട്ടി ടൗണിന്റെ പല ഭാഗങ്ങളിലായി കത്തിക്കുന്ന നിലയാണുള്ളത്. മാലിന്യ നിക്ഷേപത്തിന് സ്ഥലമില്ലാത്തതാണ് കാരണം.

മാലിന്യങ്ങള്‍ നീക്കംചെയ്യാത്തതിനാല്‍ ഓവുചാലുകള്‍ അടഞ്ഞുപോകുന്നു. ഇതുകാരണം ഓടകള്‍ ദുര്‍ഗന്ധം പരത്തുന്നു. പ്രത്യേകിച്ചും നാല്ക്കവലയില്‍.

ഇന്നത്തെ നില തുടര്‍ന്നാല്‍ മഴക്കാലമാകുന്നതോടെ ടൗണിലെ മാലിന്യനിക്ഷേപം ആരോഗ്യ പ്രശ്‌നമായി മാറും. അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന ഓവുചാലുകള്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളായിത്തീരും.

മഴയെത്തുംമുമ്പെ മാലിന്യം നീക്കംചെയ്യാനും സംസ്‌കരിക്കാനും നടപടികള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ടൗണില്‍ വര്‍ധിച്ചുവരുന്ന കൊതുകുശല്യം ഇല്ലാതാക്കാനും ഇറച്ചിക്കടകളില്‍ നിന്നും മറ്റുമായി വരുന്ന മലിനജലം ഉണ്ടാക്കുന്ന ദുര്‍ഗന്ധം ഇല്ലാതാക്കാനും നടപടി വേണമെന്നാവശ്യപ്പെട്ട് പാനൂര്‍ പ്രതികരണ ഫോറം പ്രസിഡന്റ് കെ.കെ.ചാത്തുക്കുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്കി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ