2011, ഏപ്രിൽ 28, വ്യാഴാഴ്‌ച

KOORARA******പാനൂര്‍ തങ്ങള്‍ പീടിക സയ്യിദ് തങ്ങള്‍ അനുസ്മരണം ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും

 ഉത്തര മലബാറിലെ ഉന്നത മത വിദ്യാഭ്യാസ സ്ഥാപനമായ പാനൂര്‍ തങ്ങള്‍ പീടികയിലെ ജാമിഅഃ സഹ്‌റയുടെ സ്ഥാപകനും മത പണ്ഡിതനുമായിരുന്ന പാനൂര്‍ സയ്യിദ് ഇസ്മയില്‍ ശിഹാബുദ്ദീന്‍ പൂക്കോയ തങ്ങള്‍ അനുസ്മരണം വ്യാഴാഴ്ച തുടങ്ങും. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ അനുസ്മരണ സമ്മേളനം, തഫ്‌സീര്‍-സെമിനാര്‍, സ്മരണിക പ്രകാശനം, സാംസ്‌കാരിക സമ്മേളനം, സഹ്‌റ പബ്ലിക് സ്‌കൂള്‍ ഉദ്ഘാടനം, വിമന്‍സ് കോളേജ് ശിലാസ്ഥാപനം, പൂര്‍വ വിദ്യാര്‍ഥി, പ്രവാസി, മാതൃ സംഗമങ്ങള്‍, ഖത്മുല്‍ ഖുര്‍ആന്‍-ദുആ സമ്മേളനം എന്നിവ നടത്തും.

ഇസ്‌ലാമിക പ്രബോധനാര്‍ഥം യമനില്‍നിന്ന് കേരളത്തിലെത്തിയ സയ്യിദ് കുടുംബത്തില്‍ 1936ല്‍ കാസര്‍കോട് ജില്ലയിലെ തളങ്കരയിലാണ് തങ്ങള്‍ ജനിച്ചത്. 13-ാമത്തെ വയസ്സില്‍ ചാവക്കാട് പള്ളിയില്‍ ദര്‍സിന് നേതൃത്വംനല്‍കി ശ്രദ്ധേയനായി. തുടര്‍ന്ന് പാറക്കടവ്, ഓമച്ചപ്പുഴ, പയ്യോളി, ഒളവട്ടൂര്‍, കരുവന്‍തുരുത്തി തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് തങ്ങള്‍. ഒട്ടേറെ കൈപ്പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

1975ല്‍ ആരംഭിച്ച ജാമിഅ: സഹ്‌റയിന്‍ 2500ല്‍ അധികം വിദ്യാര്‍ഥികളും നൂറിലധികം ജീവനക്കാരും ഉണ്ട്. അയ്യായിരത്തോളം വരുന്ന ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ ശേഖരം സ്ഥാപനത്തിലുണ്ട്.

അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി സഹ്‌റ പബ്ലിക് സ്‌കൂള്‍ ഉദ്ഘാടനവും വിമന്‍സ് കോളേജ് ശിലാസ്ഥാപനവും നടത്തും. അനുസ്മരണ സമ്മേളനം 28ന് രാവിലെ പത്തുമണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.

2011, ഏപ്രിൽ 27, ബുധനാഴ്‌ച

മുഴപ്പിലങ്ങാട് ടോള്‍ബൂത്തിന് മുട്ടായി കച്ചോടം’

ബാക്കി നല്‍കാന്‍ ചില്ലറ ഇല്ലെങ്കില്‍ പകരം മിഠായി നല്കുകയെന്ന പതിവ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആദ്യകാലത്ത് ഹോട്ടലുകാരും മറ്റുമായിരുന്നു ഇത് ചെയ്തിരുന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിച്ച് ഇറങ്ങുന്നവര്‍ക്ക് ചില്ലറക്ക് പകരം ഒന്നോ രണ്ടോ മിഠായി നല്കുന്നത് വലിയ കുറ്റമൊന്നുമല്ല. ഭക്ഷണം കഴിച്ചവര്‍ക്ക് സന്തോഷമാവുകയും ചെയ്യും.

എന്നാല്‍ ഇതേ കാര്യം മറ്റുള്ളവര്‍ ചെയ്താലോ. മിഠായി വില്‍ക്കാത്തവരും മിഠായിയുമായി ഒരു ബന്ധവുമില്ലാത്തവരും ഇതുചെയ്യുമ്പോള്‍ തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടണം. <br>ഒരു പേജ് ഫോട്ടോസ്റ്റാറ്റ് എടുത്താല്‍ ഒന്നര രൂപ കഴിച്ച് ബാക്കി 50 പൈസ തരാനില്ലെന്ന് പറഞ്ഞ് മിഠായി അടിച്ചേല്‍പ്പിക്കുക, 11 രൂപ 50 പൈസയുടെ മില്‍മ പാല്‍ പാക്കറ്റ് വാങ്ങിയാല്‍ ബാക്കിക്ക് മിഠായി തരിക, ചെരിപ്പും ഡ്രസ്സും വാങ്ങിയാല്‍ ചില്ലറ ഇല്ലെങ്കില്‍ മിഠായി നല്കുക, ടെലിഫോണ്‍ ബൂത്തില്‍ നിന്നും വിളികഴിഞ്ഞിറങ്ങുമ്പോള്‍ അഞ്ച് രൂപയുടെ ബാക്കിയായി മിഠായികള്‍ നല്കുന്ന പതിവുണ്ടാക്കുക തുടങ്ങിയവ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്കുള്ള കാരണമാവാറുണ്ട്. ഇനി ബസ് കണ്ടക്ടര്‍മാര്‍ കൂടി മിഠായി സഞ്ചിയും തൂക്കി നടന്നാല്‍ അവരുടെ ചില്ലറ പ്രശ്‌നത്തിന് പരിഹാരമാകും!
ചിത്രത്തില്‍ കാണുന്ന മിഠായിപ്പെട്ടികള്‍ കൂട്ടിയിട്ടിരിക്കുന്നത് മുഴപ്പിലങ്ങാട് റെയില്‍വേ മേല്‍മേല്‍പ്പാലത്തിന്റെ ടോള്‍ബൂത്തിന് സമീപമാണ്. ലോറിക്കും കാറിനും മറ്റു വാഹനങ്ങള്‍ക്കുമെല്ലാം ടോള്‍ പിരിക്കുമ്പോള്‍ 50 പൈസയുടെ ചില്ലറ പ്രശ്‌നം പരിഹരിക്കാന്‍ പകരം മിഠായി കൊടുക്കുന്നതാണ് പതിവ്. ഏഴര രൂപയും നാലര രൂപയുമൊക്കെ കഴിഞ്ഞ് ബാക്കി മിഠായി നല്കിയാല്‍ സാധാരണ രീതിയില്‍ ആരും ഒന്നും പറയില്ല. എന്നാല്‍ സ്ഥിരം യാത്രക്കാരോട് ഇതൊരു പതിവാക്കിയാല്‍ കളി മാറും. ചില്ലറ ഇല്ലാത്തതുകൊണ്ടല്ല, ചില്ലറയ്ക്ക് പകരം മിഠായി നല്‍കുന്നത് അറിയാതെ പണം തടയുന്ന നല്ലൊരു ബിസിനസ് ആക്കുകയാണ് ചിലര്‍.
അങ്ങനെ നടക്കുന്നൊരു ‘ഓസി ബിസിനസിനെ’ കുറിച്ചാണ് ചിത്രത്തിലെ പെട്ടികള്‍ നല്കുന്ന സൂചന. ചില്ലറയ്ക്ക് പകരമായി ഹോള്‍സെയില്‍ വിലയില്‍ വാങ്ങിവെച്ച മിഠായിയാണ് ടോള്‍ അടക്കുന്നവര്‍ക്ക് ബാക്കി നല്‍കുക. അങ്ങനെ ചെയ്യുമ്പോള്‍ രണ്ടുണ്ട് ലാഭം. ഒന്ന്, ചില്ലറ പ്രശ്‌നം ഉദിക്കുന്നില്ല. രണ്ട്, 50 പൈസയ്ക്ക് പകരം മുപ്പതോ മുപ്പത്തിയഞ്ചോ പൈസ വില വരുന്ന മിഠായി നല്കിയാല്‍ പിന്നേയും ലാഭം ഇരുപതോ പതിനഞ്ചോ പൈസ. സ്ഥിരമായി മിഠായി വാങ്ങുന്ന ടീമിന് ലാഭം ഇതിലും കൂടുതല്‍. ഐഡിയ അച്ഛാ ഹൈ!
ഒടുക്കം: വല്ലപ്പോഴുമൊക്കെ ടോള്‍ ബൂത്ത് വഴി യാത്ര നടത്തി ചില്ലറയ്ക്ക് പകരം മിഠായി വാങ്ങി മിണ്ടാതെ പോകും കാറിലും ലോറിയിലുമുള്ളവര്‍. എന്നാല്‍ സ്ഥിരം പോകുന്നവരാണെങ്കിലോ. ടോള്‍ ബൂത്തുകാരന്റെ മിഠായി സൂത്രത്തെ അതിജീവിക്കാന്‍ അവനുമുണ്ട് പുതിയൊരു പരിപാടി. പത്ത് രൂപ നല്കി ഏഴര രൂപയുടെ ടോളും ബാക്കി അന്‍പത് പൈസാ മിഠായിയോ രണ്ടര രൂപയ്ക്കുള്ള മിഠായിയോ സ്വീകരിക്കുന്നതിന് പകരം ഏഴ് രൂപ കൃത്യം ചില്ലറ കൊടുക്കും. ടോള്‍ ബൂത്തുകാരന്‍ ഒന്നുംപറയാതെ പണം വാങ്ങി റസീപ്റ്റ് നല്കും.
എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപ്രവര്‍ത്തനങ്ങളുണ്ടെന്ന് പറയുന്നത് വെറുതെയല്ലല്ലോ!!!

പാനൂരില്‍ മാലിന്യം സംസ്‌കരിക്കാന്‍ നടപടിയില്ല

പാനൂരില്‍ മാലിന്യം സംസ്‌കരിക്കാന്‍ നടപടിയില്ല



പാനൂര്‍:പാനൂര്‍ ടൗണിലെ മാലിന്യം സംസ്‌കരിക്കാനോ നീക്കംചെയ്യാനോ നടപടിയില്ല. കൂത്തുപറമ്പ് മണ്ഡലത്തിലെ പ്രധാന കേന്ദ്രമായ പാനൂര്‍ ടൗണിലെ മാലിന്യപ്രശ്‌നം തുടങ്ങിയിട്ട് വര്‍ഷമേറെയായി. മാറിമാറി വന്ന ഭരണസമിതികള്‍ പദ്ധതികള്‍ പലതും ആസൂത്രണം ചെയെ്തങ്കിലും ഒന്നും നടപ്പായില്ല. പാലക്കൂലിനടുത്ത അവയാട് കുന്നില്‍ മാലിന്യസംസ്‌കരണത്തിനായി സ്ഥലമെടുക്കുകയും അനുബന്ധ റോഡുകള്‍ പണിയുകയും ചെയ്തിരുന്നു. തദ്ദേശീയരുടെ എതിര്‍പ്പ് കാരണം നടപ്പായില്ല. പാനൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തും ആയുര്‍വേദ ആസ്​പത്രി പരിസരത്തും ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രോജക്ടും പ്രവൃത്തിയിലെത്തിയില്ല.

കച്ചവടസ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ടൗണിന്റെ പല ഭാഗങ്ങളിലായി നിക്ഷേപിക്കുകയാണ്. ബസ് സ്റ്റാന്‍ഡില്‍ പലയിടങ്ങളിലായി മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നു. നജാത്തുല്‍ യു.പി.സ്‌കൂളിന് മുന്‍വശം, ഹൈസ്‌കൂള്‍, ആസ്​പത്രി പരിസരം, പുത്തൂര്‍ റോഡില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്‍വശം എന്നിവിടങ്ങളിലെല്ലാം മാലിന്യനിക്ഷേപം പതിവുകാഴ്ചയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്തില്‍ നാല് പാര്‍ട്‌ടൈം ജീവനക്കാരുണ്ട്. എന്നാല്‍ ദിവസേന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താറില്ല. ദിവസങ്ങള്‍ കൂടുമ്പോള്‍ രാത്രിയില്‍ മാലിന്യങ്ങള്‍ അടിച്ചുകൂട്ടി ടൗണിന്റെ പല ഭാഗങ്ങളിലായി കത്തിക്കുന്ന നിലയാണുള്ളത്. മാലിന്യ നിക്ഷേപത്തിന് സ്ഥലമില്ലാത്തതാണ് കാരണം.

മാലിന്യങ്ങള്‍ നീക്കംചെയ്യാത്തതിനാല്‍ ഓവുചാലുകള്‍ അടഞ്ഞുപോകുന്നു. ഇതുകാരണം ഓടകള്‍ ദുര്‍ഗന്ധം പരത്തുന്നു. പ്രത്യേകിച്ചും നാല്ക്കവലയില്‍.

ഇന്നത്തെ നില തുടര്‍ന്നാല്‍ മഴക്കാലമാകുന്നതോടെ ടൗണിലെ മാലിന്യനിക്ഷേപം ആരോഗ്യ പ്രശ്‌നമായി മാറും. അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന ഓവുചാലുകള്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളായിത്തീരും.

മഴയെത്തുംമുമ്പെ മാലിന്യം നീക്കംചെയ്യാനും സംസ്‌കരിക്കാനും നടപടികള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ടൗണില്‍ വര്‍ധിച്ചുവരുന്ന കൊതുകുശല്യം ഇല്ലാതാക്കാനും ഇറച്ചിക്കടകളില്‍ നിന്നും മറ്റുമായി വരുന്ന മലിനജലം ഉണ്ടാക്കുന്ന ദുര്‍ഗന്ധം ഇല്ലാതാക്കാനും നടപടി വേണമെന്നാവശ്യപ്പെട്ട് പാനൂര്‍ പ്രതികരണ ഫോറം പ്രസിഡന്റ് കെ.കെ.ചാത്തുക്കുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്കി

ചമ്പാട് മാക്കുനി റോഡ്

ചമ്പാട് മാക്കുനി റോഡ് പ്രവൃത്തി മന്ദഗതിയില്‍
Posted Mathrubhumi


പൊതുമരാമത്ത് വകുപ്പ് അധികൃതരുടെയും പൊളിച്ചു നീക്കേണ്ട കെട്ടിട ഉടമയുടെയും പിടിവാശികാരണം ചമ്പാട് മാക്കുനി റോഡ് നവീകരണം മന്ദഗതിയിലായി. ഓവ് ചാലിന്റെ പ്രവൃത്തിയാണ് തടസ്സപ്പെട്ടത്. പൊതുമരാമത്ത് വകുപ്പ് നിര്‍മാണ വിഭാഗത്തില്‍നിന്നും വാല്വേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാലാണ് നൂറിലേറെ വര്‍ഷം പഴക്കമുള്ള പീടികമുറി പൊളിക്കാന്‍ ഉടമ തയ്യാറവാത്തത്. റവന്യൂ വകുപ്പ് പീടികമുറിയുടെ വരാന്ത മാത്രമേ ഏറ്റെടുത്തിട്ടുള്ളൂ. റോഡ് വികസനത്തിന് അത്രയും ഭാഗം മാത്രമേ വേണ്ടൂ. എന്നാല്‍ കെട്ടിടം മുഴുവനായും പൊളിച്ച് നീക്കണമെന്നാണ് കടയുടമയുടെ ആവശ്യം. പൊതുമരുമത്ത് വകുപ്പ് കടയുടമയുടെ ആവശ്യം നിരാകരിച്ചു.

വാല്വേഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വൈകുമെന്നതിനാല്‍ മിക്കകടയുടമകളും വീട്ടുകാരും സ്വന്തം നിലയ്ക്ക് നാട്ടുകാരുടെ ആവശ്യപ്രകാരം പൊളിച്ചു നീക്കുകയാണുണ്ടായത്. മഴക്കാലമാകുമ്പോഴേക്കും റോഡിനിരുവശത്തും ഓവ് ചാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കണം. അല്ലെങ്കില്‍ രണ്ടരക്കോടി രൂപ ചെലവില്‍ നിര്‍മ്മാണം നടക്കുന്ന റോഡിന്റെ പണിയെയും ബാധിക്കും.

ചമ്പാട് ജുമാമസ്ജിദിന് മുന്‍വശത്തെ കടയുടെ ഒരു ഭാഗവും പൊളിച്ചു നീക്കാതെയാണുള്ളത്. ഇതും റോഡ് പ്രവൃത്തിയെ തടസ്സപ്പെടുത്തുന്നു. റോഡിന് സ്ഥലം വിട്ട് കൊടുത്ത് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയവര്‍ക്ക് ഇതില്‍ അമര്‍ഷമുണ്ട്. കെട്ടിട ഉടമകളും പൊതുമരാമത്ത് വകുപ്പും ദുര്‍വാശി ഉപേക്ഷിച്ച് നവീകരണ പ്രവൃത്തി മഴയ്ക്ക് മുമ്പ് പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

2011, ഏപ്രിൽ 26, ചൊവ്വാഴ്ച

കളിപ്പാട്ടങ്ങള്‍ നിശബ്ദ കൊലയാളിയാകുന്നു

 . കാത്തിരുന്ന കുഞ്ഞ് പിറക്കുമ്പോഴേക്കും കളിപ്പാട്ടങ്ങളെ കൂട്ടിനൊരുക്കികൊടുക്കാന്‍ രക്ഷിതാക്കള്‍ക്ക് ധൃതിയാണ്. കുട്ടികളെ കീഴടക്കി കളിപ്പാട്ടങ്ങള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ വിഷാംശങ്ങളേറ്റുവാങ്ങുകയാണെന്ന വസ്തുത ഓര്‍ക്കാതെ പോവുന്നു. കുരുന്നുകള്‍ക്കൊപ്പം തങ്ങളും ഈ വിഷത്തിലലിയുകയാണെന്ന് അവരറിയുന്നില്ല. വിലപിടിപ്പുള്ള കളിക്കോപ്പുകള്‍ കൊണ്ട് കമ്പോളങ്ങള്‍ സമ്പന്നമാണ്. ലോകരാജ്യങ്ങള്‍ തടിച്ച് കൊഴുക്കുന്നതില്‍ കളിപ്പാവകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല, കുട്ടിയുടെ കരച്ചില്‍ മാറ്റുവാനും കളിപ്പിക്കാനും പാവകളെ ആശ്രയിക്കുന്ന ശീലം ഏറി വരികയാണ്. കുഞ്ഞിന് കുറെ കളിപ്പാട്ടങ്ങള്‍ നല്‍കിയാല്‍ എല്ലാമായെന്ന് കരുതുന്ന രക്ഷിതാക്കളാണ് അധികവും.
കണ്ണഞ്ചിപ്പിക്കുന്ന കളിപ്പാട്ടങ്ങളില്‍ ക്രൂരതയുടെ നിഴലുണ്ടെന്ന് വൈകിയാണ് അറിയുന്നതെന്ന് മാത്രം. കളിപ്പാട്ടങ്ങള്‍ അങ്ങനെ നിശബ്ദ കൊലയാളിയാകുന്നുവെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പഠനങ്ങളില്‍ ഇത് തെളിയിക്കപ്പെട്ടതാണ്. മൃദുവായ കളിപ്പാട്ടങ്ങള്‍ക്കാണ് ആവശ്യക്കാര്‍ അധികമുള്ളത്. കുട്ടികള്‍ക്ക് മനസിനിണങ്ങുന്ന വിധം ഉപയോഗിക്കാന്‍ മൃദുലത പ്രധാന ഘടകമാണ്. ഉടുപ്പുകളണിഞ്ഞ്, കണ്ണുകള്‍ മിഴിച്ച്, പുഞ്ചിരി തൂകുന്ന പാവകള്‍ ഏത് കുരുന്നിന്റെയും സ്വപ്നമാണ്. മാറോടണച്ച് കളിപ്പാട്ടങ്ങളെ കുരുന്നുകള്‍ ഉമ്മവെക്കുന്ന കാഴ്ചക്ക് വലിയ വിലയാണ് യഥാര്‍ത്ഥത്തില്‍ നല്‍കേണ്ടി വരുന്നത്.
കളിപ്പാട്ടങ്ങളുടെ ഇറക്കുമതിയില്‍ ചൈനയാണ് മുന്നില്‍. കേരളത്തിന്റെ വിപണികള്‍ പോലും ചൈനയെ ആശ്രയിച്ചിരിക്കുന്നു. പുതുപുത്തന്‍ ഡിസൈനുകളിലുള്ള കളിപ്പാട്ടങ്ങള്‍ ഓരോ ദിവസവും വിപണിയിലെത്തുന്നു. പാവകള്‍ മുതല്‍ പാമ്പുകള്‍ വരെ ഇതിലുണ്ട്. ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്നതില്‍ ഗണ്യമായ ഇനവും കളിപ്പാട്ടങ്ങളാണ്.
അയവും മയമുള്ള കളിപ്പാട്ടങ്ങള്‍ക്കാണ് പ്രിയമേറെ. അതു കൊണ്ടു തന്നെ ഉല്‍പാദകര്‍ ഏറ്റവും മയമുള്ളതാക്കാന്‍ തന്ത്രങ്ങള്‍ തേടി, ഇതിനായി പരീക്ഷണങ്ങള്‍ നടത്തി. അപ്പോഴാണ്
കളിപ്പാട്ടങ്ങള്‍ക്കുപയോഗിക്കുന്ന പ്ലാസ്റ്റിക് മിശ്രിതത്തില്‍ ഉഗ്രന്‍ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്താല്‍ നന്നായി അയവുണ്ടാവുമെന്ന് അവരറിഞ്ഞത്. മനോഹരമായ നിറം, ശബ്ദവും രൂപവും ഒന്നിനൊന്ന് മെച്ചം. ഏത് വിധത്തില്‍ മടക്കിയാലും പിടിച്ച് വലിച്ചാലും കേട് വരില്ല. ആരും കളിപ്പിക്കാനെടുക്കുന്ന കോപ്പുകള്‍, കുട്ടികള്‍ക്കിത് കളിക്കാന്‍ ബഹു രസം. അഞ്ച് വയസിന് താഴെയുള്ള കുരുന്നുകളാണെങ്കില്‍ കിട്ടിയാലുടന്‍ വായിലിടുന്നു. വിഷത്തിന്റെ വലിയൊരളവാണ് വായിലിലിടുക വഴി ശരീരം പിടിച്ച് പറ്റുന്നത്

2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

ഭാഷയോട് ഇങ്ങനെ വേണോ?

ഫാഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ ആദ്യം ഓര്‍ക്കുന്നത് വസ്ത്രങ്ങളെയാണല്ലോ. കഴിഞ്ഞ നൂറ്റാണ്ടിലെ അന്‍പതുകളിലെ അവസാനത്തോടെയാണ് ഞാന്‍ കൊല്‍ക്കത്തയില്‍ എത്തിയത്. കൊല്‍ക്കൊത്തയിലെ ടെയ്ലര്‍മാര്‍ ലോകപ്രസിദ്ധരായിരുന്നു. കൊല്‍ക്കൊത്ത ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കാലത്ത് ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന വാറന്‍ ഹെസ്റ്റിങ്സ് തുടങ്ങിയ വെള്ളക്കാരായ അഗ്രസ്ഥാനീയര്‍ക്കുവേണ്ടി സൂട്ടുകളും മറ്റും തയ്ച്ചിരുന്ന അവര്‍ തലസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റിയതിനുശേഷവും വൈസ്രോയിമാരുടെ ടെയ്ലര്‍മാരായിരുന്നു. സാമുവല്‍ ഫിറ്റ്സ്, ഗുലാം മുഹമ്മദ്, ബര്‍ക്കത്തലി, കരീം ബക്സ് തുടങ്ങിയവര്‍ ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ പ്രത്യേക ഉത്തരവിന്‍പ്രകാരം ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ ഔദ്യോഗിക ടെയ്ലര്‍മാരായിരുന്നു. ഇതില്‍ സാമുവല്‍ ഫിറ്റ്സ് കമ്പനി നടത്തിയിരുന്ന കുടുംബം അന്യംനിന്നുപോയതോടെ ആ കമ്പനി അടച്ചുപൂട്ടി. ബാക്കിയുള്ളവര്‍ ഇപ്പോഴും അഭിവൃദ്ധിയുടെ കൊടുമുടിയില്‍തന്നെ. ഇവര്‍ക്കെല്ലാംതന്നെ ലണ്ടനില്‍ ശാഖകളുണ്ട്. മൗണ്ട് ബാറ്റണ്‍ പ്രഭു അവസാനകാലംവരെ ഇടക്കിടക്ക് ഇവരിലാരെയെങ്കിലുംകൊണ്ട് സൂട്ടുകള്‍ തയ്പ്പിക്കുമായിരുന്നു. അടുത്തടുത്ത് കടും നിറത്തില്‍ നേരിയ വരകളുള്ള ഷര്‍ട്ടുകളില്‍ വെളുത്ത കോളര്‍വെച്ചുള്ള ഫാഷന്‍ ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഇറക്കിയത് ഗുലാം മുഹമ്മദായിരുന്നു. ഡീയര്‍ ക്ലബ്ബ് എന്നായിരുന്നു ആ ഷര്‍ട്ടിന് അവരിട്ട പേര്. ഇത് 1964ലോ മറ്റോ ആയിരുന്നു. ഗുലാം മുഹമ്മദ് തുന്നിയ അത്തരം ഒന്നുരണ്ട് ഷര്‍ട്ടുകള്‍ ഇപ്പോഴും എന്റെ പക്കലുണ്ട്. അവര്‍ റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ ഉണ്ടാക്കുമായിരുന്നില്ല. ഓരോ ആളുടെയും അളവെടുത്ത് അവര്‍ക്ക് മാത്രമായിട്ടായിരുന്നു അവര്‍ വസ്ത്രങ്ങള്‍ തുന്നിയത്. ഷര്‍ട്ടിന്റെ അത്തരം ഫാഷന്‍ പത്തുമുപ്പത് കൊല്ലങ്ങള്‍ക്ക് മുമ്പ് അപ്രത്യക്ഷമായി. ഇപ്പോഴിതാ കഴിഞ്ഞ മൂന്നുനാല് മാസങ്ങളായി പല നിറത്തിലുള്ള ഷര്‍ട്ടുകളില്‍ വെള്ളക്കോളറുമായി ചെറുപ്പക്കാര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നു. അങ്ങനെ ഫാഷനുകള്‍ വന്നും പോയുമിരിക്കുമെന്ന് സാരം.
വസ്ത്രങ്ങളില്‍ മാത്രമല്ലല്ലോ ഫാഷന്‍. കെട്ടിടം പണി, ഫര്‍ണിച്ചര്‍ എന്നുവേണ്ടാ ഭാഷാ പ്രയോഗങ്ങളില്‍വരെ ഫാഷന്റെ വരവും പോക്കും കാണാം. പറഞ്ഞു വരുമ്പോള്‍ "ഉണ്ടാക്കുക' എന്നര്‍ത്ഥമുള്ള ഫാക്ടീയോ (എഅഇഠകഛ) എന്ന ഗ്രീക്ക് പദത്തില്‍നിന്നാണല്ലോ ഫാഷന്‍ എന്ന വാക്കുണ്ടായത്.
അന്‍പതിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളജില്‍ പഠിക്കുന്ന കാലത്താണ് മലയാള ഭാഷയില്‍ "ആത്മകം' എന്ന പ്രയോഗം പ്രചാരത്തില്‍ വന്നത്. ചലനാത്മകം, ശോകാത്മകം, സംഗീതാത്മകം എന്നിങ്ങനെ പല പദങ്ങളും അന്ന് ധാരാളമായി ഉപയോഗിക്കപ്പെട്ടിരുന്നു. ചങ്ങമ്പുഴയുടെ സ്വാധീനമായിരുന്നുവെന്ന് തോന്നുന്നു. അദ്ദേഹം അത്തരം പദങ്ങള്‍ അധികം ഉപയോഗിച്ചിരുന്നില്ല. പക്ഷേ ചങ്ങമ്പുഴ കവിതകളുടെ നിരൂപണങ്ങളിലും ചര്‍ച്ചകളിലും ഇത്തരം വാക്കുകള്‍ ധാരാളമുണ്ട്. ശോകംതന്നെ ഒരു ഫാഷനായിരുന്നു. സംഗീതം ശോകാത്മകമാണ്. ശോകം സംഗീതാത്മകമാണ്. ശോകരസ പ്രധാനമാണെങ്കിലും കവിത ചലനാത്മകമാണ് എന്നൊക്കെ നിരൂപകന്‍മാരും പ്രാസംഗികന്‍മാരും തട്ടിവിടുമായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് എഴുത്തുകാരിയും എന്റെ തറവാട്ടിലെ ഇളമുറകാരിയുമായ എസ്. ശാരദക്കുട്ടിക്ക് ഞാന്‍ പത്തുരൂപ സമ്മാനമായി അയച്ചുകൊടുത്തു. അഞ്ചാറ് പേജുകളുള്ള ഒരു ലേഖനം ഇപ്പോഴത്തെ ഫാഷനായ നാല് വാക്കുകള്‍ ഉപയോഗിക്കാതെ എഴുതിയതിനായിരുന്നു ആ സമ്മാനം. വാക്കുകള്‍ പ്രക്രിയ, പ്രതിഭാസം, പ്രഹേളിക, പരിപ്രേക്ഷ്യം! പരിപ്രേക്ഷ്യം എന്ന വാക്ക് ശബ്ദതാരാവലിയില്‍ ഇല്ല എന്നത് ആ പദത്തിന്റെ പ്രായ ചെറുപ്പത്തെ കാണിക്കുന്നു.
അതൊക്കെ പോകട്ടെ; ഇപ്പോള്‍ തീര്‍ത്തും അസഹനീയമായി തീര്‍ന്നിരിക്കുന്ന ഒരു പ്രയോഗമാണ് "വല്‍ക്കരണം'. ഭാഷയില്‍ പുതിയ പ്രയോഗങ്ങള്‍ ആവശ്യമാണ്. അവ വന്നുകൊണ്ടേയിരിക്കണം. തൂപ്പിസ്റ്റ് (മദാമ്മയെ തൂപ്പുകാരി), തെണ്ടിസ്റ്റ് (ഒരു പ്രത്യേക സ്ഥലത്ത് പതിവായി നിന്ന് തെണ്ടുന്നവന്‍), തോണ്ടക്ടര്‍ (ബസില്‍ കയറി പെണ്ണുങ്ങളെ തോണ്ടുന്നവന്‍) എന്നിങ്ങനെ പല പദങ്ങളും ഞാന്‍തന്നെ ഉണ്ടാക്കി മലയാളത്തില്‍ പ്രയോഗിച്ചിട്ടുണ്ട്. കാര്യങ്ങള്‍ കോംപ്ലിക്കേറ്റ് (രീാുഹശരമലേ) ചെയ്യുന്നതിന് കോംപ്ലീകരിക്കുക എന്നും എഴുതിയിട്ടുണ്ട്.
പക്ഷേ ഇപ്പോഴത്തെ "വല്‍ക്കരണം' കുറെ അതിരുവിട്ടുപോകുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജോലികള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റുന്നതിന് കംപ്യൂട്ടര്‍വല്‍ക്കരണം എന്നാണത്രേ പറയേണ്ടത്. നഗരവല്‍ക്കരണം, കുറേക്കാലം മുമ്പ് ഉണ്ടായ വാക്കാണ്. നാട്ടില്‍ വിദ്യുച്ഛക്തി വരുന്ന കാലത്ത് ഈ പ്രയോഗം ഇല്ലാതിരുന്നത് നന്നായി. അല്ലെങ്കില്‍ വൈദ്യുതീകരണത്തിന് പകരം വൈദ്യുതിവല്‍ക്കരണം എന്നാകുമായിരുന്നു. ഇങ്ങനെ രക്ഷപ്പെട്ട കുറേ വാക്കുകള്‍ ഉണ്ട്. ശുദ്ധീകരണം, ശീതീകരണം, തൃപ്തിപ്പെടുത്തല്‍ തുടങ്ങിയവയും ശുദ്ധീവല്‍ക്കരണം, ശീതവല്‍ക്കരണം, തൃപ്തിവല്‍ക്കരണം എന്നീ വികൃതികളില്‍നിന്ന് രക്ഷപ്പെട്ടു.
വല്‍ക്കരണ പ്രയോഗത്തില്‍ ഭാഷാപരമായ തെറ്റുണ്ടെന്ന് അധികമാരും ശ്രദ്ധിച്ചുകാണില്ല. "വല്‍' (വത്) എന്ന പദം സംസ്കൃതമാണ്. അവസ്ഥയെക്കുറിക്കുന്ന ഒരു വാക്കാണിത്. മലയാളത്തിലെ "പോലെ' എന്ന പദമായിരിക്കും അതിന് സമമായിട്ടുള്ളത്. "പൂര്‍വ്വവല്‍' എന്ന പ്രയോഗം വളരെ പഴയതാണ്. പണ്ടത്തെപ്പോലെ എന്നാണ് അതിന്റെ അര്‍ത്ഥം. അതുകൊണ്ട് കമ്പ്യൂട്ടര്‍വല്‍ക്കരണം എന്ന് പറഞ്ഞാല്‍ കമ്പ്യൂട്ടര്‍പോലെയാക്കുക എന്നെ അര്‍ത്ഥം വരികയുള്ളൂ. പ്രശ്നവല്‍ക്കരിക്കുക എന്നുപറഞ്ഞാല്‍ പ്രശ്നമാക്കുക എന്നല്ല പ്രശ്നംപോലെയാക്കുക എന്നാണ് അര്‍ത്ഥം. പ്രശ്നമാക്കുക എന്ന പ്രയോഗം നിലവിലുള്ളപ്പോള്‍ ഇത്തരമൊരു വല്‍ക്കരണത്തിന്റെ ആവശ്യമെന്ത്? ഒരുതരത്തില്‍ നോക്കിയാല്‍ ഇതൊന്നും സാരമില്ല. ഭാഷയില്‍ വാക്കുകളുടെ അര്‍ത്ഥം പ്രയോഗംകൊണ്ട് കാലക്രമേണ മാറിവരുന്നത് സ്വാഭാവികമാണ്. അനുവാദം എന്ന വാക്കിന്റെ സംസ്കൃതത്തിലെ അര്‍ത്ഥം പരിഭാഷ എന്നാണല്ലോ. ഹിന്ദിയിലും ആ അര്‍ത്ഥത്തിലാണ് ആ വാക്കുപയോഗിക്കുന്നത്. പക്ഷേ മലയാളത്തില്‍ അനുവാദം എന്നു പറഞ്ഞാല്‍ സമ്മതം (ുലൃാശശൈീി) എന്നാണ്.